Saturday, June 14, 2014

കാത്തിരിപ്പിന്റെ സുഖം

അവള്‍ വരുമെന്ന് അറിഞ്ഞാണ് ഞാന്‍ പൂക്കളും ചെടികളും നിറഞ്ഞ കുരുവികളുടെയും ചിവീടുകളുടെയും കളകള നാദങ്ങള്‍ നിറഞ്ഞ പുല്‍തകിടിയില്‍ എത്തിയത് ..
പൂപരത്തി മരങ്ങളുടെ ചായുന്ന നിഴലുകള്‍ പുല്‍ തകിടിയിലെ സിമന്റ്‌ ബെഞ്ചുകള്‍ക്ക് മേലെ വീണു കിടന്നു.... .
നാടിനെ ഓര്‍മിപ്പിക്കുന്ന അരിപ്പൂ ചെടികള്‍ക്ക് ഇടയില്‍ ഇരുന്നു കലമ്പല്‍ കൂട്ടുന്ന അങ്ങാടി കുരുവികള്‍ .
ഇന്ന് അവള്‍ വരികയാണ്.
നിറങ്ങള്‍ കളമെഴുതുന്ന താഴ് വാരകള്‍ കടന്നു നാടന്‍ സ്വൈരിണികളെപോല്‍ കടും ചുവപ്പ് ചേല വാരിയണിഞ്ഞു കൊണ്ട് വേലിക്കല്‍ കാവല്‍ നില്‍ക്കുന്ന കാക്കപ്പൂവിന്‍ കൂ ട്ടങ്ങളെ പിന്നിട്ടു എന്റെ ഗ്രാമത്തിന്റെ ഗന്ധങ്ങളുമായി അവള്‍ വരുന്നു ..
അവളുടെ ഈറന്‍ മുടികളില്‍ നിന്ന് വെള്ളത്തുള്ളികള്‍ ഇറ്റ് വീഴുന്നുണ്ടാവും നെറ്റിമേല്‍ ചാര്‍ത്തിയ സിന്ദൂരക്കുറി അടര്‍ന്നു വീണു മൂക്കിന്‍ തുമ്പു ചുവന്നിട്ടുണ്ടാവും. അവളെ കാണുന്ന മാത്രയില്‍ അരിപ്പൂ കാടുകള്‍ക്കപ്പുറം മറഞ്ഞു നില്‍ക്കുന്ന കാറ്റ് നേര്‍ത്തൊരു മൂളിപ്പാട്ടുമായി കടന്നു വന്നു അവളുടെ മുടിച്ചുരുളുകളെ പാറിപ്പറത്തും
വെയിലിന്റെ സ്വര്‍ണ്ണ നിറം മാറി തുടങ്ങിയിരിക്കുന്നു ഞാനിപ്പോഴും അവളെ കാത്തിരിക്കുകയാണ്. അരിപ്പൂ കാടിന്റെ നിഴലുകള്‍ നീണ്ടു നീണ്ടു പോകുന്നു.അവള്‍ എന്താണ് വരാത്തത് ?അവള്‍ വരുമ്പോള്‍ വഴനയില കുമ്പിളില്‍ എനിക്കായി കാട്ട് ഞാവല്‍ പഴങ്ങള്‍ കൊണ്ട് വരും . വര്‍ണ്ണ വളകള്‍ ചിലമ്പുന്ന കൈകളില്‍ കൈകോര്‍ത്തു ഞങ്ങള്‍ പുല്‍ തകിടിയില്‍ ഇരിക്കും.

പുല്‍ തകിടിയിലെ കൃത്രിമ ജലാശയത്തില്‍മയിലാഞ്ചി ചുകപ്പിച പാദങ്ങള്‍ ജലത്തിളകവേ ചെറു വളര്‍ത്തു മീനുകള്‍ ചുറ്റിലും നീന്തി കളിക്കും . നേര്‍ത്ത രോമരാജികള്‍ തെളിയുന്ന അവളുടെ മേല്‍ ചുണ്ടില്‍ പൊടിച്ചു നില്‍ക്കുന്ന പവിഴം പോലെ തിളങ്ങുന്ന വിയര്‍പ്പ് മണികളെ ഞാന്‍ അധരങ്ങളാല്‍ ഒപ്പിയെടുക്കും ….
ഞാന്‍ കാത്തിരിക്കുകയാണ് …
ജീവിതം ഒരു നീണ്ട കാത്തിരിപ്പാണ് .
മനസ്സ് നിറയെ സ്നേഹവും പ്രതീക്ഷയും സ്വപ്നവും കാത്തു വച്ച് .
ഇഷ്ട്ടപ്പെട്ടവരുടെ ആഗമനവും പ്രതീക്ഷിച്ച്.

കാത്തിരിപ്പിന്റെ ദൈര്‍ഘ്യം കൂടുംതോറും മനസ്സില്‍ ദുഃഖം കാണാന്‍ തുടങ്ങി.ഒടുവില്‍ ചിലപ്പോള്‍ ചിലരെങ്കിലും എത്തിയേക്കാം. അപ്പോഴേക്കും കാത്തു വച്ച സ്നേഹത്തിന്റെ പവിത്രതയില്‍ ദുഃഖം കളങ്കം ചാര്‍ത്തിയേക്കാം!

ചിലപ്പോള്‍ ആരുമെത്തിയില്ലെന്നും വരാം ഊഷ്മളമായ മനസ്സിന്റെ ഉള്‍വിളി അപ്പോള്‍ ജീവിതത്തെ ഒരു ശവപ്പറമ്പായി മാറ്റും .എത്ര മനുഷ്യര്‍ ആണ് മനസ്സില്‍ ശവപ്പറമ്പും പേറി ജീവിക്കുന്നത് ?
ഏതായാലും ഞാന്‍ കാത്തിരിപ്പിലാണ്!
മനസ്സ് നിറയെ സ്നേഹവും കാത്തു വച്ച് !
ഓരോ കാതിരിപ്പിലും ആരു ആത്മ നിര്‍വൃതിയുടെ സുഖമാണ് !

കബീര്‍ വയനാട്‌

No comments:

Post a Comment